പാതാളത്തവളയെക്കുറിച്ചു roundglass sustain നിർമിച്ച വീഡിയോ 

കാലങ്ങളായി കാടിനെ ആശ്രയിച്ചും കാടിനോട് ചേര്‍ന്നും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുപരിചിതമായ ജീവിയാണ് എങ്കിലും രണ്ടായിരത്തിമൂന്നിലാണ്, മലയാളിയായ ഡോ: ബിജുവിലൂടെ, നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം ഉള്ള ‍പർപ്പിൾ ഫ്രോഗ് (Purple Frog) എന്ന പാതാള തവളയെ(മാവേലി തവളയെ) ശാസ്ത്രലോകം പരിചയപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ച ഒരു തവളയെ പോലെ ഇരിക്കുമെങ്കിലും സ്വഭാവം കൊണ്ടും അവയുടെ പ്രത്യേകത കൊണ്ടും ലോക ഉഭയജീവിഭൂപടത്തില്‍ ഇന്ത്യയ്ക്ക്, കേരളത്തിന്, മികച്ച ഒരു സ്ഥാനം കൊടുക്കുന്നതില്‍ വലിയ ഒരു പങ്കു വഹിച്ച തവളയാണ് പാതാള തവള. പാതാള തവളയുടെ (മാവേലി തവളയുടെ) ശരീരം പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ധൂമ്ര നിറത്തിലുള്ളതാണ്.

പാതാളത്തവളകൾ മുട്ടകളോടൊപ്പം

എൺപതുമുതൽ നൂറ്റി ഇരുപതു ദശലക്ഷം വര്ഷം മുന്നേ പരിണമിച്ചു എന്നു പഠനങ്ങള്‍ തെളിയിക്കുന്ന ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ‍, ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ സീഷേല്സിൽ ഉള്ളസൂഗ്ലോസ്സിടെ(Sooglossidae) എന്ന കുടുംബത്തിലെ തവളകള്‍ ആണ്. പക്ഷികളെ പോലെ ആകാശ മാര്‍ഗമോ മറ്റു ജീവികളെ പോലെ കടൽ മാർഗമോ സഞ്ചരിക്കാൻ ‍, ഉപ്പു വെള്ളം ഒട്ടും പറ്റാത്ത ഉഭയജീവികളുടെ വരവ്, വൻ ‍കരകളുടെ കൂടെ തന്നെ ആകണം എന്ന് വേണം അനുമാനിക്കാൻ.

സാധാരണയായി പാതാളത്തവളകൾ പ്രജനനത്തിനു തിരഞ്ഞെടുക്കുന്ന സ്ഥലം

അതുകൊണ്ട് തന്നെ, ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകകളിലൊന്നായി പാതാള തവളയെ പരിഗണിക്കാവുന്നതാണ്. മണ്ണിനടിയിൽ ‍ ആണ് ഇവ ജീവിക്കുന്നത് എന്ന് ആദ്യത്തെ പഠനത്തില്‍ കണ്ടു പിടിച്ചുവെങ്കിലും അവയുടെ പ്രജനനത്തെ കുറിച്ചും മറ്റുമുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നത്, ഏകദേശം ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ്.

ഇതിനിടയില്‍, പല ഗവേഷകര്‍ പലയിടങ്ങളിലായി ഇവയെ കണ്ടെത്തിയെങ്കിലും രണ്ടായിരത്തി നാലില്‍ ഡോ സുഷില്‍ ദത്തയും സംഘവും അവയുടെ വാൽമാക്രികളെ കുറിച്ച് പഠിച്ചപ്പോൾ ആണ്, ഒരു കാര്യം വ്യക്തമായത്. നൂറു വര്ഷം മുന്നേ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ കൂടിയായ അന്നന്‍ഡെയ്ല്‍ (Thomas Nelson Annandale) എന്ന വിദേശി ശാസ്ത്രജ്ഞനും സി.ആര്‍.എന്‍.റാവു (C.R.Narayana Rao) എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനും ഇവയുടെ വാല്മാക്രിയെ കുറിച്ചു പരാമര്‍ശിക്കുകയും മണ്ണിനടിയിലാകാം ഇവയുടെ മുതിര്‍ന്നവരുടെ ജീവിതം എന്നും ഇന്ത്യയിലെ മറ്റു തവളകളില്‍ നിന്ന് വ്യത്യസ്തമാണ് ഇവ എന്നും ആഫ്രിക്കന്‍ തവളകളുമായി ഇവയ്ക്ക് സാമ്യം ഉണ്ട് എന്നും കണ്ടെത്തുകയും ചെയ്തിരുന്നു.

വർഷങ്ങൾ തപ്പി നടന്നതിന്റെ ഒടുവിൽ ഭാഗ്യവശാൽ ആദ്യമായി രണ്ടായിരത്തിപന്ത്രണ്ടിൽ അവയുടെ പ്രജനനം കാണുവാനും പിന്നീട് ഡോ. അനിൽ ‍ സക്കറിയയും നേതൃത്വത്തിൽ അവയുടെ പ്രജനനത്തെക്കുറിച്ചുള്ള ആദ്യ പഠനം പ്രസിദ്ധീകരിച്ചതിന്റെ ഭാഗമാവാനും സാഥിച്ചു. പന്നികളുടെതെന്ന പോലുള്ള മൂക്ക് ആയിരിക്കാം ചിലയിടങ്ങളില്‍ ഇവയ്ക്കു പന്നി മൂക്കന്‍ തവള എന്ന പേര് വരുവാന്‍ കാരണം. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്ക്, കൈ കാലുകളിലെ മണ്‍വെട്ടി പോലുള്ള തടിപ്പിനെ പോലെ തന്നെ, ദൃഢം ആണ്. അവ മണ്ണിനടിയില്‍ കുഴിച്ചു പോകുവാന്‍ ഇവയെ സഹായിക്കുന്നു. ചിതലുകളെയും മണ്ണിരകളേയും മണ്ണിലെ മറ്റു ചെറു പ്രാണികളെയും തിന്നുന്നതായി രേഖപെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ മുഖ്യ ആഹാരം എന്താണെന്നോ ഇവ ഇര തേടുന്നതിനെ കുറിച്ചോ ഇപ്പോഴും വേണ്ടത്ര വ്യക്തത ഇല്ല.

കാപ്പിത്തോട്ടത്തിലൂടെ നീങ്ങുന്ന പാതാളത്തവള

പശ്ചിമഘട്ടമലനിരകളുടെ കാലാവസ്ഥ അനുസരിച്ച് പരിണമിച്ചതാകാം ഇവ എന്ന് തോന്നിക്കുമാറാണ് പാതാള തവളയുടെ പ്രജനനവും ജീവിത രീതികളും. മഴക്കാലത്ത് കുത്തി ഒലിക്കുന്ന, എന്നാല്‍ വേനലിൽ ‍ വറ്റിവരളുന്ന, പാറക്കെട്ടുകൾ ‍ ഉള്ള അരുവികൾ‍/വെള്ളച്ചാട്ടങ്ങൾ ‍ ആണ് ഇവയുടെ ആവാസവ്യവസ്ഥ. അത്തരത്തിലുള്ള അരുവികൾ ആദ്യ മഴയ്ക്ക് പുനര്‍ജനിക്കുമ്പോൾ ‍ പ്രജനനം നടത്തുന്നതിലൂടെ ജലത്തിലെ മത്സ്യങ്ങൾ ‍ അടക്കം ഉള്ള മറ്റു ശത്രുക്കളെ ഇവ പാടെ ഒഴിവാക്കുന്നു.

മണ്ണിനടിയിൽ ‍ ഇരുന്നു കൊണ്ട് ഭൂമിയിൽ ‍ മഴയുടെ അളവും, അരുവിയിലെ ജലത്തിന്‍റെ അളവും ഇവ എങ്ങിനെ അളക്കുന്നു എന്നും മുട്ടയിടാന്‍ എല്ലാ അവസരങ്ങളും സജ്ജമായി എന്നും കൃത്യമായി മനസ്സിലാക്കുന്നു എന്നത് ഇന്നും ഒരു അതിശയമാണ്.

മഴ തുടങ്ങുമ്പോൾ ‍ “കൊറ കൊക്ക് കൊറ കൊക്ക്” എന്ന് നിര്‍ത്താതെ കരച്ചില്‍ തുടങ്ങുന്ന ആണ്‍ തവളകൾ ‍, പക്ഷെ, പുറത്തു വരാതെ മണ്ണിനടിയിൽ ‍ ഉള്ള തുരംഗങ്ങളിൽ ഇരുന്നാണ് കരയുന്നത്. ഇവയെ തപ്പി പോകുമ്പോൾ ‍ ശബ്ദം കേള്‍ക്കുമെങ്കിലും നാം അടുത്തു പോകുമ്പോൾ ‍ കരച്ചിൽ പതുക്കെ പതുക്കെ മണ്ണിനടിയിലേക്ക് പിൻ വാങ്ങുന്നത് കേള്‍ക്കുവാൻ ‍ സാധിക്കും. നേരെ മറിച്ച്, പ്രജനനം നടക്കുന്ന ദിവസങ്ങൾ ‍ ആണെങ്കിൽ ‍ ഒരു പരിധി വരെ അടുത്ത് പോയാലും അവ താഴോട്ട് പോകാറില്ല. മുതിർന്ന പെൺ ‍ തവള ഒറ്റ ദിവസം മാത്രമേ പുറത്തു വരികയുള്ളൂ , അതും പ്രജനനത്തിനു ശേഷം മണ്ണിനടിയിലെക്കു മടങ്ങുകയും ചെയ്യും .

വെള്ളച്ചാട്ടത്തിലൂടെ നീന്തിക്കയറുന്ന പാതാളത്തവള ഇണകൾ

നാലായിരത്തോളം മുട്ടകൾ ‍ വരെ പെൺ‍ തവളകളിൽ ‍ കണ്ടിട്ടുണ്ട്. കരച്ചിൽ ‍ മൂര്‍ദ്ധന്യാവസ്ഥയിലൽ ‍ നില്‍ക്കുമ്പോൾ ‍, പെൺ ‍ തവള തിരഞ്ഞെടുത്ത ആണ്‍ തവളയുമായി ഇണ ചേർന്നതിനു ശേഷം, ആണിനെ ചുമന്നു കൊണ്ട് പെൺ തവള അരുവിയിൽ ‍ എത്തും. അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറിയതിനു ശേഷം മുട്ടയിടൽ ആരംഭിക്കും. മുഴുവൻ ‍ മുട്ടകളും ഇട്ടതിനു ശേഷം, ഇവ രണ്ടും വെവ്വേറെ ആയും രണ്ട് പേരും ഒരുമിച്ചും, തിരിച്ച് മണ്ണിനടിയിലെക്കു മടങ്ങുകയാണ് പതിവ്. ഇനി മുട്ടയിടാൻ അടുത്ത വര്ഷം മാത്രം പുറത്തേക്ക്. അതുകൊണ്ട് തന്നെവർഷത്തിൽ ‍ ഒരിക്കൽ ‍ മാത്രം പാതാളത്തിൽ നിന്ന് വരുന്ന ഇവയെ ജന്തു ലോകത്തെ മഹാബലി എന്ന് വിളിക്കാം.

പാതാളത്തവളയുടെ വാൽമാക്രി

ആറോ ഏഴോ ദിവസത്തിനുള്ളിൽ ഈ മുട്ടകള്‍ വിരിഞ്ഞ്, സക്കർ മീനുകളെ പോലെ, ഒഴുക്കുള്ള വെള്ളത്തിൽ ‍ പറ്റിപിടിച്ചു നില്‍ക്കുവാൻ സാധിക്കുന്ന വാൽമാക്രികള്‍ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ ‍ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചൂടിൽ മുട്ടകൾ വരണ്ടുണങ്ങി പോകും. രണ്ടായിരത്തിപതിനൊന്നു മുതൽ ഞങ്ങളുടെ സംഘം പഠനം നടത്തുന്ന സ്ഥലങ്ങളിൽ ഉള്ള എല്ലാ വർഷത്തെയും പ്രജനനം കണക്കിൽ ‍ എടുത്തപ്പോൾ ‍ മനസ്സിലായത്, മുകളില്‍ പറഞ്ഞ രണ്ടു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ്. നേരെ മറിച്ച്, കൂടുതല്‍ വര്‍ഷങ്ങളിലും പാതാള തവളകളുടെ ക്ലോക്ക് അല്ലെങ്കില്‍ കാലാവസ്ഥ നിരീക്ഷണം തെറ്റാറില്ല എന്ന് മാത്രമല്ല, കൃത്യമായി ഏഴാമത്തെ ദിവസം ആകുമ്പോഴേക്കും കനത്ത മഴയില്‍ വിരിഞ്ഞിറങ്ങിയ വാല്‍മാക്രികള്‍ ഒഴുക്കില്‍ വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലേക്ക് മാറുകയും ചെയ്യുന്നതായി രേഖപെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് നൂറു നൂറ്റിപത്തു ദിവസങ്ങള്‍ക്കുള്ളില്‍ വാല്‍മാക്രികള്‍ വിരിഞ്ഞു തവള കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേയ്ക്കു പോകുകയും ചെയ്യും
.
പലയിടങ്ങളിൽ ‍ പല പേരുകളിൽ അറിയപെടുന്ന ഇവയുടെ ചില പേരുകൾ ‍ ആണ് പതാൾ ‍, കുറവൻ‍, കുറത്തി, കൊട്ട്രാൻ ‍, പതയാൾ ‍, പന്നിമൂക്കൻ ‍, പാറമീൻ എന്നിവ. അപൂർവ്വം എന്ന് പലപ്പോഴും പറയുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇവയുള്ള സ്ഥലത്തു നിന്നാൽ ‍ ആയിരക്കണക്കിനെണ്ണം വരുന്ന ഇവയുടെ ആൺ തവളകളുടെ കരച്ചിൽ ‍ കേട്ടാൽ അവ നാം കരുതുന്നതു പോലെ അത്ര അപൂർവ്വം അല്ല എന്ന് മനസ്സിലാക്കാൻ കഴിയും. അതേ സമയം, സ്വഭാവം കൊണ്ട് കാണുവാൻ ‍ കിട്ടാത്തത് കാരണം അപൂർവ്വം എന്നും പറയാം. കേരളത്തിലും തമിഴ് നാട്ടിലും ആണ് ഇവയെ കാണുന്നത് എങ്കിലും ഇവയിൽ ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണുള്ളത് . കേരളത്തിൽ ‍, അഗസ്ത്യമലനിരകൾ ‍ തുടങ്ങി കണ്ണൂർ ‍ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ള ഇടങ്ങളിൽ , ഇവയെ കണ്ടെത്തിയിട്ടുണ്ട്.

വാഹനത്തിനടിയിൽ പെട്ടുപോയ ഒരു പാതാളത്താവളയുടെ അവശിഷ്ടം

രണ്ടായിരത്തിപതിനേഴിൽ ‍ ആണ്, പാതാള തവളയുടെ ഒരു ബന്ധുവിനെ കൂടി തമിഴ് നാട്ടിലെ ശ്രീവല്ലിപുത്തൂർ ‍ മേഖലയിൽ ‍ നിന്ന് ഡോ ജനനിയും സംഘവും കണ്ടെത്തിയതും ഭൂപതി പാതാള തവള എന്ന് പേര് നല്‍കിയതും .ഐ യു സി എൻ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന (Near Threatened) വിഭാഗത്തിൽ പെടുന്ന ഇവ നേരിടുന്ന ഭീഷണികൾ ‍ പല തരത്തിലാണ്. ഒരു വിധം എല്ലാ ജീവികളും അഭിമുഖീകരിക്കുന്ന പ്രശ്നമായ ആവാസവ്യവസ്ഥയുടെ നാശം ഇവയേയും സാരമായി ബാധിക്കുന്നു. നദികളിലെയും അരുവികളിലെയും വലുതും ചെറുതുമായ ഡാമുകൾ, ടൂറിസം മൂലം ഉള്ള വേസ്റ്റ് , കൃഷിയിടങ്ങളിൽ നിന്ന് വരുന്ന രാസവളങ്ങളുടെ അവശിഷ്ടം, പല തരം വിഷമാലിന്യങ്ങൾ , റോഡുകളിലെ വാഹനഗതാഗതം, തുടങ്ങി നിരവധി ഭീഷണികൾ ‍ ആണ് ഇപ്പോഴുള്ളത്. നേരത്തെ സൂചിപ്പിച്ച കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ മറ്റൊരു ഭീഷണിയാണ്.

പാതാളത്തവകളുടെ സംരക്ഷണത്തെക്കുറിച്ചു നെല്ലിയാമ്പതിയിൽ നടത്തിയ ബോധവൽക്കരണത്തിൽ നിന്ന്

പരിണാമപരമായി പ്രത്യേകത ഉള്ളതും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്നത് കൊണ്ടും (EDGE List, Evolutionarily Distinct and Globally Endangered) ലോകത്തിലെ എണ്ണായിരത്തിലധികം വരുന്ന ഉഭയജീവികളില്‍ മൂന്നാമത് നില്‍ക്കുന്ന പാതാള തവള, ജീവിച്ചിരിക്കുന്ന ഫോസ്സില്‍ എന്ന നിലയിലും മലയാളികളുടെ പ്രിയപ്പെട്ട മഹാബലിയെ പോലെ ജന്തു ലോകത്തെ മഹാബലി എന്ന നിലയിലും, പശ്ചിമഘട്ടത്തില്‍ കേരളത്തിലാണ് ഇവയെ കൂടുതല്‍ ഇടത്ത് കണ്ടിട്ടുള്ളത് എന്നത് കൊണ്ടും , കേരളത്തിന്‍റെ ഔദ്യോഗിക ഫലം, പക്ഷി, മൃഗം എന്നതൊക്കെ പോലെ തന്നെ, കേരളത്തിന്റെ തവള ആകുവാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് പാതാള തവളയ്ക്ക് തന്നെ